കൊച്ചി: കോൺഗ്രസിൽ നല്ല സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂരെന്ന് പി ജെ കുര്യൻ. പാർട്ടിയിൽ തരൂരിനോട് അഭിപ്രായവ്യത്യാസമുള്ള ആരുമില്ല. തനിക്ക് തരൂരിനോട് ബഹുമാനവും ആദരവുമുണ്ടെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ശശി തരൂർ പരിപാടികൾ ഡിസിസിയെ അറിയിക്കാത്തത് അച്ചടക്ക ലംഘനമല്ല. അത് നേതാക്കളുടെ സ്വാതന്ത്ര്യമാണ്. കോൺഗ്രസ് ജനാധിപത്യപാർട്ടിയാണ്. തരൂർ അടക്കമുള്ള നേതാക്കൾ നേതൃനിരയിലെത്തണം. കേരളത്തിൽ ഒതുങ്ങേണ്ടയാളല്ല തരൂരെന്നും പി ജെ കുര്യൻ പറഞ്ഞു.
ശശി തരൂരിനെ പോലുള്ളവർ മുന്നോട്ട് വരണം. അവരെ പ്രോത്സാഹിപ്പിക്കണം എന്ന് തനിക്ക് അഭിപ്രായമുണ്ട്. തരൂർ ദേശീയ നേതൃത്വത്തിൽ തന്നെ വരണമെന്നും, അദ്ദേഹത്തിന് ദേശീയ തലത്തിൽ ചുമതലകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് പറയുന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു നേതാവിന്റെ പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് ആർക്കും പങ്കെടുക്കാം പങ്കെടുക്കാതിരിക്കാം. ഇതിന് സ്വാതന്ത്യമുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ എത്ര നേതാക്കൾ പങ്കെടുക്കാതിരുന്നുവെന്ന് പരിശോധിച്ചാൽ കാണാം. കോൺഗ്രസിൽ ശശി തരൂരിന് ഗ്രൂപ്പെന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. തരൂരിനോട് അടുപ്പമുള്ളവർ കൂടുതൽ താൽപര്യം കാണിക്കും. അവരെ മാധ്യമങ്ങൾ ഗ്രൂപ്പാക്കും. ഇതാണ് സംഭവിക്കുന്നത്. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നും പി ജെ കുര്യൻ കൂട്ടിച്ചേർത്തു.