കേന്ദ്രാനുമതി ലഭിച്ചാലുടൻ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ.പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്ന് മന്ത്രി സഭയിൽ പറഞ്ഞു.കാസർകോട് മുതൽ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയിൽ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന ചോദ്യം പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ചു. സർക്കാർ പരിമിതമായ ചിലവ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഇപ്പോൾ നിലവിൽ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നും മന്ത്രി മറുപടി നൽകി.സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതിക്ക് മുന്നോടിയായി ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷന് ദക്ഷിണ റെയിൽവേ അധികൃതർ സമർപ്പിച്ചിട്ടുണ്ടെന്നും കെ റെയിൽ വ്യക്തമാക്കി.