ജർമ്മൻ ഭാഷാ പരിശീലകരെ ആവശ്യമുണ്ട്
സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി. ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ ജർമ്മൻ ഭാഷാപരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Goethe / Telc / oSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയിട്ടുള്ളവരും (C1 ലെവൽ ഉള്ളവർക്ക് മുൻഗണന) ജർമ്മൻ പരിശീലകരായി കുറഞ്ഞത് അഞ്ചു വർഷം ഭാഷ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷ training@odepc.in ലേക്ക് ഡിസംബർ 20ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 9446094595, 0471 2329441/42/43/45
സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധവേണം: മുഖ്യമന്ത്രി
സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്‌കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്കു കുതിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ലോകാര്യോഗ്യ സംഘടന, യുണിസെഫ്, സി.ഡി.സി. കേരള, ക്യൂർ എന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കത്തക്ക നിലയിലാണു കേരളത്തിന്റെ ആരോഗ്യ മേഖല എത്തിനിൽക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വിപുലമായ പരിപാടികളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഈ നേട്ടങ്ങളിൽ മതിമറന്ന് ഇരിക്കലല്ല നാം ഉദ്ദേശിക്കുന്നത്. ആരോഗ്യ രംഗത്തു കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി വിവിധ മേഖലകളിൽ ഇടപെടൽ നടത്താൻതന്നെയാണു തീരുമാനം.
ജീവിതശൈലീ രോഗങ്ങളാണ് ആരോഗ്യരംഗത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന്. കൃത്യമായ പരിപാടിയുടെ അടിസ്ഥാനത്തിൽ ഇതിനെ നേരിടാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. നവജാത ശിശുക്കളിൽ കണ്ടുവരുന്ന തൂക്കക്കുറവും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 12 ശതമാനം കുട്ടികളിൽ തൂക്കക്കുറവുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇതു പരിഹരിക്കപ്പെടണം. ഇതിന്റെ ഭാഗമായി ‘ക്യാംപെയിൻ 12’ എന്ന പരിപാടി കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. കുട്ടികളിൽകണ്ടുവരുന്ന അനീമിയ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഇത്. ക്ലബ്ഫൂട്ടും ശിശുക്കളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് നേരത്തേ കണ്ടെത്താനും ചികിത്സയാരംഭിക്കാനും കഴഞ്ഞാൽ വലിയ ആശ്വാസമാകും. സംസ്ഥാനത്തെ പൂർണമായി ക്ലബ്ഫൂട്ട് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കുന്നത്. നിലവിൽ ഏഴു ക്ലബ് ഫൂട്ട് ക്ലിനിക്കുകളാണു സർക്കാർ ആശുപത്രികളിലുള്ളത്. ഭാവിയിൽ 37 എണ്ണംകൂടി തുറക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈകല്യങ്ങൾ തടഞ്ഞുനിർത്തുകയും അതുവഴി ആരോഗ്യ, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധനൽകിയുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എൻ.എച്ച്.എം. മിഷൻ ഡയറക്ടർ വികാസ് ഷീൽ, യുണിസെഫ് ഇന്ത്യ ചീഫ് ഓഫ് ഹെൽത്ത് ലൂയിഗി ഡി അക്വിനോ, കേരള സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ. ബി. ഇക്ബാൽ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടരി ഡോ. രാജൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പങ്കെടുത്തു.
പറമ്പിക്കുളം കടുവ സങ്കേതത്തിൽ കരാർ നിയമനം
പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കൺസർവേഷൻ ബയോളജിസ്റ്റ്, അക്കൗണ്ടന്റ്, എക്കോ ടൂറിസം കം മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ബയോഡേറ്റയ്‌ക്കൊപ്പം 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ഓഫീസ് ഓഫ് ദ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ്‌ലൈഫ്, നോർത്തേൺ റീജ്യൺ, അരണ്യ ഭവൻ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട് എന്ന വിലാസത്തിലോ joinptcf@gmail.com ലോ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: https://forest.kerala.gov.in.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഡിസംബർ എട്ടിനു രാവിലെ 11 ന് നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.