ലഖ്നോ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സ്കൂളിലേക്ക് നടന്നുപോകവെ പ്രിന്‍സിപ്പലിനെ വെടിവെച്ചുകൊന്നു. ഷബാബ് ഉല് ഹസന് എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് 250 മീറ്റര്‍ മാത്രമായിരുന്നു അകലം, അതിനാല്‍ സ്ഥിരമായി നടന്നായിരുന്നു ഷബാബ് പൊയ്ക്കൊണ്ടിരുന്നത്.
കൊലപാതകികളെ കണ്ടുപിടിക്കാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. അക്രമിസംഘത്തിലെ ഒരാളുടെ മുഖം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റേയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അറിയിച്ചു.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ കൊല്ലപ്പെട്ട ഷബാബിനെതിരെ പൊലീസ് നാലുമാസം മുന്‍പ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ സ്കൂള്‍ അധികൃതരുടെ സമ്മര്‍ദം മൂലമാണ് കുട്ടി മരിച്ചതെന്നായിരുന്നു പരാതി. കുട്ടിയുടെ മരണത്തില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് കുടുംബം ഭീഷണിപ്പെടുത്തിയിരുന്നതായി ഷബാബിന്റെ സഹോദരി പൊലീസിനോട് പറഞ്ഞു.