പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലേക്ക് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് പോലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകം ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും ഇവരുടെ പരാജയഭീതിയാണ് അതിന് പിന്നിലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും മ്ലേച്ഛമായ സംഭവം നടന്നിട്ടില്ല. വനിതാ നേതാക്കളുടെ മുറികളിലേക്ക് വനിതാ പോലീസില്ലാതെ പതിരാ പരിശോധനയ്ക്കെത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അറിയപ്പെടുന്ന വനിതാ നേതാക്കളാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും. അവരെ അപമാനിക്കുകയാണ് പോലീസ് ചെയ്തത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പോലീസ് പെരുമാറിയത്.
പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീടത് സ്വാഭാവിക പരിശോധനയെന്ന് മാറ്റിപ്പറഞ്ഞു. പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഐഡികാര്‍ഡും വനിതാപോലീസിന്റെ സാന്നിധ്യവുമില്ലാതെയാണ് പോലീസ് പരിശോധനയ്ക്കു വന്നത്. പോലീസിനെ ഇങ്ങനെ കയറൂരി വിട്ടത് രാഷ്ട്രീയ നേതൃത്വമാണ്. കൃത്യമായ ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്.
പോലീസ് റെയ്ഡിനെത്തിയപ്പോള്‍ തന്നെ സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ സംയുക്തമായി അവിടെയെത്തിയത് ആകസ്മികമല്ല. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളുടെ മുറികള്‍ പോലീസ് പരിശോധിച്ചിട്ടില്ല. കള്ളപ്പണം സൂക്ഷിക്കുന്നതും അതിന് കാവല്‍ നില്ക്കുന്നതും സിപിഎമ്മും ബിജെപിക്കാരുമാണ്. കൊടകര കള്ളപ്പണക്കേസില്‍ ഇരുപാര്‍ട്ടികളും ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. തെരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവ ചര്‍ച്ചയായപ്പോള്‍ അതിന് മൂടപടമിടാനുള്ള നാടകം കൂടിയാണ് റെയ്ഡ്.
സംഘപരിവാറിന് വേണ്ടി പണിയെടുക്കുകയാണ് പിണറായി ഭരണകൂടം. ഈ സര്‍ക്കാരിനെതിരായ പോരാട്ടം കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടുത്തും. കോണ്‍ഗ്രസ് ശക്തമായ സമരമുഖത്തേക്ക് കടക്കുകയാണ്. റെയ്ഡിന് നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പാതിരാ റെയ്ഡ് നാടകത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.സുധാകരന് പറഞ്ഞു.
ഇതൊന്നും കൊണ്ട് യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് ഉജ്വലവിജയം നേടി സിപിഎമ്മിനും ബിജെപിക്കും ചുട്ടമറുപടി നല്‍കുമെന്നും സുധാകരന് പറഞ്ഞു