കൊച്ചി: കളമശ്ശേരി ബോംബ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. സ്‌ഫോടനത്തിൽ 20 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 11 പേരിൽ മോളിയടക്കം രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒൻപതുപേർ വാർഡുകളിലുണ്ട്.സ്‌ഫോടനത്തിൽ മരിച്ച നാലു പേരും സ്ത്രീകളാണ്. പെരുമ്പാവൂർ സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി (52), മലയാറ്റൂർ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്.കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖല കൺവെൻഷൻ നടന്ന സാമ്ര കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ മാസം 29-നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ നിലവിൽ റിമാൻഡിലാണ്. സംഭവത്തിൽ താൻ മാത്രമാണ് ഉത്തരവാദിയെന്നാണ് മാർട്ടിൻ ആവർത്തിച്ചു പറയുന്നത്. പോലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ബോംബ് സ്‌ഫോടനം ആസൂത്രണം മുതൽ സ്‌ഫോടനം വരെയുള്ള സംഭവങ്ങളിൽ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അതിനായി മാർട്ടിനെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

