ഇടുക്കി: ഇടുക്കിയിൽ ഉരുൾപ്പൊട്ടി.പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്.പേത്തൊട്ടിയിൽ പ്രധാന റോഡിലേക്കാണ് ഉരുൾപൊട്ടിയെത്തിയത്. രണ്ട് വീടുകൾക്ക് സമീപത്തേക്ക് ഉരുൾപൊട്ടിയെത്തി. വെള്ളം മാറിയൊഴുകിയതിനാൽ വൻ അപകടം ഒഴിവായി.കൂടാതെ ശാന്തൻപാറയിൽ മഴക്കെടുതിയിൽ ഒരു മരണം. ചേരിയാറിൽ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണ് ചാവും പ്ലാക്കൽ റോയി ആണ് മരിച്ചത്. ദുർബലമായ ഒരു കെട്ടിടത്തിലാണ് റോയി താമസിച്ചിരുന്നത്. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണതോടെ ഭിത്തി തകർന്ന് റോയി അതിനകത്തു കുടുങ്ങി പോവുകയായിരുന്നു. കൃഷി ആവശ്യത്തിനായി റോയി താമസിച്ചിരുന്ന വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പൂപ്പാറയിലും കുമളി മൂന്നാർ – റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ തുലാവർഷം സജീവമായി തുടരും. തിങ്കളാഴ്ച തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പാണ്. അറബിക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 വരെ മഴ തുടരാനാണ് സാധ്യത.
ഇടുക്കിയിൽ രണ്ടിടത്ത് ഉരുൾപൊട്ടി; ഒരു മരണം

