എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കെഎസ്ആർടിസി ബസിന്റെ കല്യാണ യാത്ര. അടിമാലിയിലേക്ക് പോയ കല്ല്യാണ ബസാണ് പറക്കും തളികയെ അനുകരിച്ച് ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ച് യാത്ര നടത്തിയത്. കെഎസ്ആർടിസി എന്നത് മറച്ച് താമരാക്ഷൻപിള്ള എന്ന് പേര് മാറ്റിയാണ് യാത്ര. ബസിൽ കൊടി വീശി ഫുട്ബോൾ ആരാധകരുടെ ആഘോഷവും ഉണ്ട്.കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്.
രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്ല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിന് ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.ബസിനും ഡ്രൈവർക്കുമെതിരെ നടപടിയെടുത്തേക്കും. സാധാരണ ഗതിയിൽ ഞായറാഴ്ച്ച ദിവസങ്ങളിൽ ബസ് വിവാഹം ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടി സർവ്വീസ് നടത്തുന്നതിൽ നിയമതടസമില്ല. എന്നാൽ ഒരു തരത്തിലും ബസിന്റെ ബോർഡ് മറക്കുകയോ അലങ്കാരപ്പണി ചെയ്യുന്നതിനോ അനുമതിയില്ല.

