മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുൽവഹാബ് എംപിയുടെ മകനെ തിരുവനന്തപുരം എയർപോർട്ടിൽ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ടും പരിശോധന തുടർന്നതായി അബ്ദുൽ വഹാബ് പറഞ്ഞു. ഈ മാസം ഒന്നിന് വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നപ്പോഴായിരുന്നു പരിശോധന.
ആര്യാടൻ മുഹമ്മദിന്റെ അനുസ്മരണ പരിപാടി മലപ്പുറം നിലമ്പൂർ ചന്തക്കുന്നിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ പരിപാടിയിലാണ് മുസ്ലിം ലീഗിന്റെ ദേശീയ ട്രഷറർ കൂടിയായ പി.വി അബ്ദുൽ വഹാബ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്റെ മകനെ അങ്ങേയറ്റം അപഹാസ്യമായ രീതിയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശോധന നടത്തി എന്നാണ് അദ്ദേഹം പ്രസംഗത്തിൽ വെളിപ്പെടുത്തിയത്.
കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹം കഴിഞ്ഞ് ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായിരുന്നു അബ്ദുൾ വഹാബ് എംപിയുടെ മകൻ. ഈ സമയത്ത് സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വളരെ അപഹാസ്യമായ രീതിയിൽ പരിശോധന നടത്തുകയായിരുന്നു. എംപിയുടെ മകനാണെന്ന് പറഞ്ഞ സമയത്ത് കൂടുതൽ പരിശോധന നടത്തിയെന്നും വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മെഡിക്കൽ എക്‌സ്‌റേ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തി. അടിവസ്ത്രം ഉൾപ്പെടെ അഴിച്ച് പരിശോധന നടത്തിയെന്നാണ് പിതാവായ പി.വി അബ്ദുൾ വഹാബ് വെളിപ്പെടുത്തുന്നത്. എന്നാൽ യാതൊന്നും കണ്ടെത്താനും സാധിച്ചില്ല.
അതേസമയം സംഭവം കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷേധിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള പരിശോധനകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. പാസ്‌പോർട്ട് വാങ്ങി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ മാപ്പിളപ്പാട്ട് ഗായകനായ സലിം കോടത്തൂരും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.