പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം എന്ന നിലപാടിൽ മല്ലികാർജ്ജുൻ ഖർഗെ. തന്റെ നിലപാട് ഖർഗെ നെഹ്‌റു കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. കെ.സി വേണുഗോപാലിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിയ്ക്കാനും ആലോചനകൾ നടക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകാൻ പ്രിയങ്കാ ഗാന്ധി സന്നദ്ധയായില്ലെങ്കിൽ മുകൾ വാസ്‌നിക്ക്, അജയ് മാക്കൻ തുടങ്ങിയവരിൽ ഒരാൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആകുമെന്നാണ് സൂചന.
അതേസമയം വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രചരണരംഗത്ത് സജീവമാകുകയാണ് പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ. അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന കോൺഗ്രസിന്റെ പ്രചാരണം നയിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞെന്നാണ് കാംഗ്രയിൽ നടത്തിയ റാലിയിൽ പ്രിയങ്ക പറഞ്ഞത്.
ഹിമാചൽ പ്രദേശിൽ ഒരു ലക്ഷം തൊഴിലവസരങ്ങളും വാർദ്ധക്യ പെൻഷനും ഉറപ്പാക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് വിവിധ റാലികൾ സംഘടിപ്പിച്ച പ്രിയങ്ക നിരവധി വാഗ്ധാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്‌നിപഥ് പദ്ധതി റദ്ദാക്കും എന്നതാണ്.