തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ് ജോര്‍ജ് കുറ്റം സമ്മതിച്ചു. കഴിഞ്ഞദിവസമാണ് ഡാനിഷിനെ തമിഴ്‌നാട്ടിലെ ഊട്ടിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ആനത്തലവട്ടം ബീച്ച് റോഡിന് സമീപം ദീപ്തി കോട്ടേജില്‍ ജോര്‍ജിന്റെയും വത്സലയുടെയും മകന്‍ ഡോ. ഡാനിഷാണ് പോലീസിനോട് കുറ്റംസമ്മതിച്ചത്. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന് ഡാനിഷ് മൊഴി നൽകി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.
സഹോദരി ദീപ്തിയുടെ ഭര്‍ത്താവായ മിഥുനെയാണ് ഞായറാഴ്ച ചിറയിന്‍കീഴില്‍വെച്ച് ഡാനിഷ് ക്രൂരമായി മര്‍ദിച്ചത്. മിഥുന്‍ മതം മാറാന്‍ തയ്യാറാകാത്തതിനെതുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ പരാതി നല്‍കിയതോടെ ഡാനിഷ് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഊട്ടിയില്‍നിന്ന് ഇയാളെ പിടികൂടിയത്. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി തെളിവെടുപ്പിനെത്തിയത്.
തലക്കടക്കം പരുക്കേറ്റ് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മിഥുൻ ചികിത്സയിലാണ്.സംഭവത്തില്‍ വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച നടന്ന തെളിവെടുപ്പില്‍ മിഥുനെ ആക്രമിച്ചരീതിയും മറ്റും പ്രതി പോലീസിനോട് വിശദീകരിച്ചു.
വീട്ടുകാരുടെ സമ്മതമില്ലാതെ ബോണക്കാട്ടെ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെ വിവാഹം നടത്തി നല്‍കാമെന്ന് പറഞ്ഞ് ദീപ്തിയുടെ വീട്ടുകാര്‍ ഇരുവരെയും ചിറയിന്‍കീഴിലേക്ക് വിളിച്ചുവരുത്തി. എന്നാൽ മതംമാറാന്‍ ദീപ്തിയും മിഥുനും എതിര്‍ത്തതോടെ പള്ളിയിലെ ചര്‍ച്ച അവസാനിച്ചു. പിന്നീട് അമ്മയെ കാണാന്‍ വീട്ടിലേക്ക് വിളിച്ചിട്ട് വഴിയിലിട്ട് ദീപ്തിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന ക്രൂരമായി മര്‍ദിച്ചു.മിഥുനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഭാര്യ ദീപ്തിയാണ് പത്രസമ്മേളനത്തില്‍ പരസ്യപ്പെടുത്തിയത്. ബീച്ച് റോഡിലെ ദീപ്തി കോട്ടേജെന്ന അവരുടെ കുടുംബവീട്ടിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.
വിഡിയോ പുറത്തുവന്നതോടെ ഒളിവില്‍പോയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഡാനിഷിന്റെ ഫോണ്‍ സിഗ്നല്‍ തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം അവിടേയ്‌ക്ക് വ്യാപിപ്പിക്കുകയായിരുന്നു.

