Sports

സൂപ്പർ ലീഗ് കേരള: തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്‌സ്

തിരുവനന്തപുരം: പരുക്കൻ അടവുകളില്ലാത്ത ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യം കണ്ട സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ മൂന്നാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്ക് ജയം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെയാണ് കണ്ണൂർ (3-2) തോൽപ്പിച്ചത്. ഷിജിൻ ടി, സെനഗൽ താരം അബ്ദു കരീം സാമ്പ് എന്നിവരുടെ ഗോളും ഫെലിപ്പ് അൽവീസിന്റെ സെൽഫ് ഗോളുമാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. ഓട്ടിമാർ ബിസ്‌പൊ, വിഘ്‌നേഷ് എന്നിവർ ആതിഥേയരുടെ ആശ്വാസ ഗോളുകൾ നേടി.

ആക്രമണത്തിന് പ്രാധാന്യം നൽകിയുള്ള 4-3-3 ഫോർമേഷനിലാണ് രണ്ട് ടീമുകളും ആദ്യ മത്സരത്തിനായി കളത്തിലിറങ്ങിയത്. അതിനാൽ തുടക്കം മുതൽ ഇരുഭാഗത്തേക്കും പന്ത് കയറിയിറങ്ങി. ഏഴാം മിനിറ്റിൽ കൊമ്പൻസിന്റെ ബ്രസീലുകാരൻ റൊണാൾഡ് മെക്കലിസ്റ്റീൻ ഒറ്റയ്ക്ക് മുന്നേറി നടത്തിയ ഷോട്ട് കണ്ണൂരിന്റെ പരിചയസമ്പന്നനായ ഗോളി സി കെ ഉബൈദ് ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.

ഉയരക്കാരൻ ഫെലിപ്പ് ആൽവീസ് നേതൃത്വം നൽകുന്ന കൊമ്പൻസിന്റെ പ്രതിരോധ സംഘം കണ്ണൂരിന്റെ ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ പതിനഞ്ചാം മിനിറ്റിൽ സന്ദർശക ടീമിന് മികച്ച അവസരം ലഭിച്ചു. സെനഗലുകാരൻ അബ്ദു കരീം സാമ്പ് സലാം രഞ്ജൻ സിംഗിനെ മറികടന്ന് പായിച്ച പന്ത് പക്ഷെ പുറത്തേക്കാണ് പോയത്.

ഇരുപത്തിയൊന്നാം മിനിറ്റിൽ ത്രോയിൽ നിന്ന് വന്ന പന്ത് കൊമ്പൻസിന്റെ ഏഴാം നമ്പറുകാരൻ റൊണാൾഡ് മെക്കലിസ്റ്റീൻ പോസ്റ്റിലേക്ക് കൃത്യമായി ഹെഡ് ചെയ്തിട്ടു. എന്നാൽ ഗോളി ഉബൈദിന്റെ അവസരോചിത ഇടപെടൽ കണ്ണൂരിനെ രക്ഷിച്ചു.

ഇരുപത്തിയെട്ടാം മിനിറ്റിൽ കണ്ണൂർ ഗോൾ നേടി. സ്പാനിഷ് താരം ഏസിയർ ഗോമസ് എടുത്ത കോർണറിൽ നിന്ന് ഉയർന്നുവന്ന പന്ത് പ്രതിരോധിക്കാൻ ആരുമില്ലാതെ നിന്ന ഷിജിൻ ടി അനായാസം പോസ്റ്റിലേക്ക് തട്ടിയിട്ടു (1-0). ആദ്യ പകുതിയിൽ കൃത്യമായ ആസൂത്രണത്തോടെ കണ്ണൂർപട പന്ത് തട്ടിയപ്പോൾ റൊണാൾഡ് മെക്കലിസ്റ്റീൻ ഒറ്റയ്ക്ക് നടത്തിയ മിന്നലാട്ടങ്ങൾ മാത്രമാണ് കൊമ്പൻസിന്റെ ഭാഗത്ത് നിന്ന് കണ്ടത്.

രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ കൊമ്പൻസ് തിരിച്ചടിച്ചു. ഓട്ടിമാർ ബിസ്‌പൊയെ വികാസ് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഓട്ടിമാർ ബിസ്‌പൊ കണ്ണൂർ ഗോളി ഉബൈദിന് ഒരവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു (1-1). സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പെനാൽറ്റി ഗോൾ പിറന്നത് കൗതുകമായി.

അറുപത്തിയഞ്ചാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ അബ്ദുൽ ബാദിഷിന് പകരം കൊമ്പൻസ് അണ്ടർ 23 താരം മുഹമ്മദ്‌ സനൂദിനെ കളത്തിലിറക്കി. എഴുപത്തിനാലാം മിനിറ്റിൽ കണ്ണൂർ സെൽഫ് ഗോളിലൂടെ വീണ്ടും ലീഡ് നേടി. മുഹമ്മദ്‌ സിനാൻ പായിച്ച ശക്തിയേറിയ ക്രോസ് ക്ലിയർ ചെയ്യാൻ കൊമ്പൻസിന്റെ ഫെലിപ്പ് അൽവീസ് ശ്രമിച്ചത് സ്വന്തം പോസ്റ്റിലാണ് എത്തിയത് (2-1). ഇഞ്ചുറി ടൈമിൽ അണ്ടർ 23 താരം മുഹമ്മദ്‌ സിനാന്റെ ക്രോസിൽ നിന്ന് സ്കോർ ചെയ്ത അബ്ദു കരീം സാമ്പ് കണ്ണൂരിന്റെ വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ പകരക്കാരനായി വന്ന വിഘ്‌നേഷ് ഫ്രീ കിക്ക് ഗോളിലൂടെ കൊമ്പൻസിന്റെ പരാജയഭാരം കുറച്ചു (3-2).

രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഒക്ടോബർ പത്തിന് തുടക്കമാകും. വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!