അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രധാന സവിശേഷത. ഇതിൽ അധികമാർക്കും അറിയാത്തതാണ് വന്ദേഭാരത് ട്രെയിനുകളുടെ ശുചിമുറിയിൽ സ്ഥാപിച്ചിരിക്കുന്ന സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ. ട്രെയിനുള്ളിലെ പുകവലിക്കാരെ പുകച്ച് പുറത്താക്കാനാണ് ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പുകയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ട്രെയിൻ ഉടനടി നിർത്തുന്ന ഈ സംവിധാനം കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനിലുമുണ്ട്. എന്നാൽ ഇതറിയാതെ യാത്രക്കാരിലാരോ പുക വലിച്ചതുകൊണ്ട് വന്ദേ ഭാരത് കഴിഞ്ഞ ഒരാഴ്ചക്കിടെ പെട്ടന്ന് ഓട്ടം നിർത്തിയത് രണ്ട് തവണയാണ്. പട്ടാമ്പി, തിരൂർ സ്റ്റേഷനുകളിലാണ് ട്രെയിൻ അപ്രതീക്ഷിതമായി നിന്നത്. ട്രെയിൻ ഇങ്ങനെ പെട്ടന്ന് നിന്നത് യാത്രക്കാരേയും പരിഭ്രാന്തരാക്കി. തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിൽ പുകവലിച്ചവരിൽ നിന്ന് വൻ തുക പിഴ ഈടാക്കുകയും ചെയ്തു.
അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസിൽ പുക ഉയരുകയും അപായ സൈറൺ മുഴങ്ങുകയും ചെയ്‍തതോടെ ട്രെയിൻ നിന്നത് വലിയ വാർത്തയായിരുന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികൻ ടോയിലറ്റിൽ കയറി പുകവലിച്ചതായിരുന്നു കാരണം.
നിലവിലെ ഐ.സി.എഫ്. കോച്ചുകളിലെ എസി കമ്പാർട്ട്മെൻറിലും സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ ഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എൽ.എച്ച്.ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെൻസറുകൾ ഉണ്ട്. ട്രെയിനിലെ തീപ്പിടിത്തം ഉൾപ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ലക്ഷ്യം