ബെംഗളൂരു: കർണാടകയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് സോണിയ യാത്രയ്‌ക്കൊപ്പം അണിചേർന്നത്. രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ് ലക്ഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രമാണ് ശേഷിക്കുന്നത്. ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധി യാത്രയ്‌ക്കൊപ്പെം ചേർന്നത് അഭിമാനകരമായ നിമിഷമാമെണന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. വിജയദശമിക്ക് ശേഷം കർണാടകയിൽ കോൺഗ്രസിന്റെ വിജയമാണ് കാണാൻ പോകുന്നത്.
കർണാടകയുടെ തെരുവിലൂടെ സോണിയ ഗാന്ധി നടക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സംസ്ഥാനത്ത് ബിജെപി ഭരണം അവസാനിച്ച് കോൺഗ്രസ് ഭരണം വരാൻ പോകുകയാണ്’, ഡി കെ ശിവകുമാർ പറഞ്ഞു.വിജയ ദശമി ദിനമായിരുന്ന ഇന്നലെ സോണിയ ഗാന്ധി കർണാടകയിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ബെഗൂർ ഗ്രാമത്തിലെ ബീമനകൊല്ലി ക്ഷേത്രത്തിലെത്തിയാണ് സോണിയാ ദസറ പ്രാർത്ഥന നടത്തിയത്.