വാഷിങ്ടൻ: ഇന്ത്യയും യുഎസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്.
‘‘നരേന്ദ്ര മോദിയുമായി ഞാൻ എപ്പോഴും സൗഹൃദത്തിലായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂ’’– ട്രംപ് പറഞ്ഞു.
ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത് വളരെ നിരാശാജനകമാണെന്നും ട്രംപ് പറഞ്ഞു. ‘‘ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ എനിക്ക് വളരെ നിരാശയുണ്ട്, ഞാൻ അത് അവരെ അറിയിച്ചു. ഞങ്ങൾ ഇന്ത്യയ്ക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തി, 50 ശതമാനം തീരുവ.
എനിക്ക് നരേന്ദ്ര മോദിയുമായി വളരെ നല്ല ബന്ധമുണ്ട്, അദ്ദേഹം വളരെ മികച്ച നേതാവാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു’’– ഇന്ത്യയെയും റഷ്യയെയും യുഎസിന് നഷ്ടമായെന്ന പോസ്റ്റിനുള്ള പ്രതികരണമായി ട്രംപ് പറഞ്ഞു.
ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത്, അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ്, ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചത്. അവർക്ക് ഒരുമിച്ച് ദീർഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്നു പോസ്റ്റിൽ പരിഹസിക്കുകയും ചെയ്തിരുന്നു ട്രംപ്. നരേന്ദ്ര മോദിയുടെയും ഷീ ജിൻപിങ്ങിന്റെയും വ്ലാഡിമിർ പുട്ടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്.

