ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി. എക്സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയില്‍വെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുക്കും. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷിന് മെഡല്‍ ജേതാവിന് നല്‍കുന്ന സ്വീകരണമാണ് ലഭിച്ചത്. ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തുനിഞ്ഞതും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.