കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസിലെ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍, ഇരിങ്ങാടന്‍പള്ളി സ്വദേശികളായ കെ രാജേഷ്, എം കെ ആഷിന്‍, മായനാട് ഇയ്യക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്.. ഉച്ചയ്ക്ക് ശേഷം ഇവർ കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.എട്ടുപേരെ പ്രതിചേർത്തിട്ടുള്ള കേസിൽ അരുൺ ഒന്നാം പ്രതിയാണ്.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സംഭവം നടന്നത്. മെഡിക്കല്‍ കോളജിന്റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും സംഘം മര്‍ദിച്ചുവെന്നാണ് ആരോപണം.