ധാക്ക: നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഹ്വാനവുമായി ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിഷേത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവരുടെ ആഹ്വാനം. അവര്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനായി വാദിക്കുകയും മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മുഹമ്മദ് യൂനസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന് ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന കോര്‍ഡിനേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സൈന്യം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ‘സ്വതന്ത്ര രാജ്യം’ എന്നാണ് ഷെയ്ഖ് ഹസീനയുടെ രാജിയ്ക്കു ശേഷം നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസ് വിശേഷിപ്പിച്ചത്. ‘ഹസീന ഭരിക്കുമ്പോള്‍ ബംഗ്ലാദേശ് അധിനിവേശ രാജ്യമായിരുന്നു. അവര്‍ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.