യു.കെയില്‍ കോവിഡിന്‍റെ പുതിയ വകഭേദം. ഒമിക്രോണിന്‍റെ വകഭേദമായ ഏരിസ് (ഇ.ജി 5.1) കഴിഞ്ഞ മാസമാണ് രാജ്യത്ത് കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് ഏരിസ് അതിവേഗം വ്യാപിക്കുന്നതായി ഇംഗ്ലണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4396 സ്രവപരിശോധനകളില്‍ 5.4 ശതമാനവും കോവിഡ് ആണെന്നാണ് റിപ്പോര്‍ട്ട്. മുൻപ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത് 3.7 ശതമാനമായിരുന്നു.
രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ ഏഴില്‍ ഒന്നും എറിസ് വകഭേദമാണ്. മുൻപ് പുറത്തുവിട്ട റിപ്പോര്‍ട്ടിനേക്കാള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതായും മന്ത്രാലയം അറിയിച്ചു.
അതേസമയം ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇ.ജി 5 വിഭാഗവു ഉണ്ട്. എക്സ്.ബി.ബി.1.5, എക്സ്.ബി.ബി.1.16, ബി.എ.2.75, സി.എച്ച്.1.1, എക്സ്.ബി.ബി, എക്സ്.ബി.ബി1.9.1, എക്സ്.ബി.ബി 1.9.2, എക്സ്.ബി.ബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. ജലദോഷം, തലവേദന, പനി തുടങ്ങിയവാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഈ വകഭേദം നിലവില്‍ 45 രാജ്യങ്ങളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ലക്ഷണങ്ങള്‍ ഉള്ളതായി തോന്നിയാല്‍ ഉടനടി ടെസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് രോഗത്തെ ചെറുക്കാനുള്ള പ്രതിവിധി. അമേരിക്കയിലും കഴിഞ്ഞ ഡിസബറിന് ശേഷം കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളുടെ നിരക്കില്‍ പത്ത് ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.