ആഗസ്റ്റ് പത്ത് മുതല്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറും. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാവും. 13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ സി യു കിടക്കകള്‍, മള്‍ട്ടി പാരാ മോണിറ്റര്‍,മൊബൈല്‍ എക്‌സ്‌റേ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബിജി ഇസിജി മെഷീനുകള്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറുന്നത്. സ്‌ട്രോക്ക് യൂണിറ്റില്‍ ഇലക്ട്രോണിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 22 കിടക്കകളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കും.
22 കിടക്കകളില്‍ പത്ത് എണ്ണത്തില്‍ വെന്റിലേറ്റര്‍ സൗകര്യമുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി എല്ലാ കിടക്കകള്‍ക്കും ടെലി മെഡിസിന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.