പൊറോട്ടയ്ക്ക് വില കൂടുതലാണെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടലുടയുടെ തല അടിച്ച് പൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങല്‍ മൂന്ന്മുക്ക് ബി.എല്‍.നിവാസില്‍ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 12.45ഓടെയായിരുന്നു സംഭവം. നാലംഗസംഘം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്‍ നല്‍കി പോയി. ശേഷം ഇവര്‍ വീണ്ടും ഹോട്ടലില്‍ തിരികെയെത്തി ബഹളമുണ്ടാക്കുകയായിരുന്നു. പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന് ആരോപിച്ചാണ് ഇവര്‍ ഹോട്ടലിലെത്തി ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇവരോട് കടയ്ക്ക് പുറത്തേക്ക് പോകാന്‍ ഡിജോയ് ആവശ്യപ്പെട്ടു. ഇതോടെ ഉന്തും തള്ളുമായി. പോലീസിനെ വിളിയ്ക്കാന്‍ ഡിജോയ് ശ്രമിച്ചതോടെ ഇവര്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.
മറ്റൊരാള്‍ കടയിലിരുന്ന ട്രേയെടുത്ത് ഡിജോയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടി. തുടര്‍ന്ന് കാറിലും ബൈക്കിലുമായി അക്രമികള്‍ രക്ഷപെടുകയും ചെയ്തു. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. കാര്‍ നമ്പര്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.