കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ വിജയരാഘവന്‍. സുപ്രീംകോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. അന്ന് കേരളത്തിലെ യുഡിഎഫ് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ആ അഴിമതിക്കെതിരായ സമരമാണ് ഇടതുപക്ഷം നടത്തിയത്. അത് യുഡിഎഫിനെതിരായ സമരമായി വേണം കാണാന്‍. മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മ്മാണ വിദഗ്ധരുണ്ട്.
ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സത്യവാങ്മൂലത്തില്‍ കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ല. കോടതിയില്‍ നടന്ന ആശയവിനിമയം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.
വിജയരാഘവന്റെ പരാമർശം
കോടതിയില്‍ കെഎം മാണിയുടെ പേര് പറഞ്ഞിട്ടില്ല. പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വാര്‍ത്താ നിര്‍മാണ കേന്ദ്രങ്ങളായി മാറുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. കെ എം മാണി കേരളത്തില്‍ ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നതാണ്. ഉയര്‍ന്ന വിഷയങ്ങളില്‍ മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫ്. ആ യുഡിഎഫിനെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായത്. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. നല്ല നിലയിലാണ് മുന്നണിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോടെയാണ് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രവര്‍ത്തിക്കുന്നത്. ആശയകുഴപ്പമുണ്ടാക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അവര്‍ തെറ്റായ രൂപത്തില്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്.”