കോഴിക്കോട്: വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി ആറു ദിവസത്തെ പര്യടനത്തിനായി ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൗഖി ഇബ്‌റാഹീം അല്ലാം മർകസ് സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളും സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിച്ചതിന്റെ തുടർച്ചയായി മർകസിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും ശൗഖി അല്ലാം സംവദിച്ചു. ഈജിപ്തും ഇന്ത്യയും പുരാതന കാലം മുതലേ സംസ്കാര സമ്പന്നമാണെന്നും ആ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പുതിയ തലമുറ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മർകസ് മോഡൽ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. അറിവിന്റെ ചൈതന്യം കാത്തുസൂക്ഷിക്കാൻ ഇത്തരം സ്ഥാപനങ്ങളിലൂടെ സാധിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീകരണ സംഗമം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ജാമിഅ മർകസ് കുല്ലിയ്യകളിലെ അധ്യാപകർ സംബന്ധിച്ചു.