ടി- 20 യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടിയ റെക്കോർഡ് ഇനി ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസീസ് താരം ഡേവിഡ് വാർണറിന് സ്വന്തം. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അർധസെഞ്ചുറിയോടെയാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്. ക്രിസ് ഗെയിലിന് 88 അർധസെഞ്ചുറികൾ എന്ന റെക്കോർഡാണ് വാർണർ മറികടന്നത്.
312 മത്സരങ്ങളിൽ നിന്നാണ് വാർണർ 89 അർധസെഞ്ചുറികൾ നേടിയത്. ഗെയിൽ ആവട്ടെ 463 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 77 അർധ സെഞ്ച്വറികളുമായി ഇന്ത്യൻ താരം വിരാട് കോലി മൂന്നാമതും 71 അർധ സെഞ്ച്വറികളുമായി പാക് താരം ഷൊഐബ് മാലിക് നാലാമതുമാണ്.
ഇന്നലെ മത്സരത്തിൽ ഹൈദരാബാദിനെതിരെ 58 പന്തിൽ നിന്ന് 12 ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടെ 92 റൺസ് നേടി വാർണർ പുറത്താവാതെ നിന്നു. വാർണറിൻ്റെ ബാറ്റിംഗ് മികവിൽ 21 റൺസിന് ഡൽഹി ഹൈദരാബാദിനെ തോൽപ്പിക്കുകയും ചെയ്തു.
ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. 62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.