മൂവാറ്റുപുഴയിൽ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സഹകരണ മന്ത്രി വിഎന്‍ വാസവന്റെ നിര്‍ദ്ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.പാവപ്പെട്ടവർക്ക് എതിരെ ജപ്തി നടപടി സ്വീകരിക്കുമ്പോൾ താമസിക്കുന്നതിനുള്ള പകരം സംവിധാനം കണ്ടെത്തണമെന്ന സർക്കാർ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.വീട്ടുടമസ്ഥനായ അജേഷ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്.വീട്ടില്‍ അജേഷിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുത്തു.ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.