യുക്രൈനിലെ പട്ടണമായ ബുച്ചയിലെ കൊലപാതകങ്ങള്‍ അസ്വസ്ഥമാക്കുന്നവയാണെന്നും അപലപിക്കുന്നതായും യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇന്ത്യ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ ഇന്ത്യ പിന്തുണച്ചു.യുക്രൈനിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണമെന്നും വരും ദിവസങ്ങളിൽ യുക്രൈന് കൂടുതൽ മെഡിക്കൽ സഹായങ്ങൾ നൽകുമെന്നും ഇന്ത്യ അറിയിച്ചു.
റഷ്യ യുക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യ സ്വീകരിച്ച ഏറ്റവും ശക്തമായ നിലപാടാണിത്. യുക്രൈനിലെ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും സുരക്ഷാ സാഹചര്യവും മാനുഷിക വിഷയങ്ങളും കൂടുതല്‍ വഷളായിരിക്കുന്നതായും ഇന്ത്യയുടെ പ്രതിനിധി ടി. എസ്. തിരുമൂര്‍ത്തി വ്യക്തമാക്കി.അതേസമയം ബുച്ചയിലെ സാധാരണക്കാരായ ജനങ്ങൾ ടാങ്കുകള്‍ക്ക് ഇടയില്‍പ്പെട്ട് ചതഞ്ഞരയുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. സ്ത്രീകൾ ബലാത്സംഗത്തിനിരയാകുന്നു, കുട്ടികളുടെ മുമ്പിൽ വെച്ച് കൊല്ലപ്പെടുന്നു. എന്തെല്ലാം ക്രൂരതകളാണ് റഷ്യൻ സൈന്യം ചെയ്തു കൂട്ടുന്നത്. അക്ഷരാർത്ഥത്തിൽ യുഎൻ നിയമങ്ങളുടെ ലംഘനമാണ് യുക്രൈനിൽ നടക്കുന്നത്. ബുച്ചയിലെ കൂട്ടക്കൊല ഇതിൽ ഒരു ഉദാഹരണം മാത്രമാണെന്ന് സെലൻസ്കി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.