ശാരീരിക ബന്ധം പുലർത്തിയതിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ പേരിൽ മാത്രം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് വ്യക്തമായാൽ മാത്രമേ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കുകയുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരേ ഇടുക്കി സ്വദേശി രാമചന്ദ്രൻ (ചന്ദ്രൻ 35) നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. ജീവപര്യന്തം തടവ് റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയത് വ്യാജ വാഗ്ദാനം നല്‍കിയോ വസ്തുതകള്‍ മറച്ചു വച്ചോ ആണെന്ന് പ്രോസിക്യൂഷനു തെളിയിക്കാനായില്ല.രാമചന്ദ്രൻ ബന്ധുവായ യുവതിയെ വിവാഹവാഗ്ദാനം നൽകി 2014 ഏപ്രിലിൽ മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനുശേഷം യുവതിയെ തിരികെ വീട്ടിലെത്തിച്ച പ്രതി മൂന്ന് ദിവസത്തിനുശേഷം മറ്റൊരാളെ വിവാഹം ചെയ്തു. ബലപ്രയോഗത്തിലൂടെയായിരുന്നു ശാരീരികബന്ധം എന്ന പരാതി യുവതി ഉന്നയിച്ചിരുന്നില്ല. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമായതായും കോടതി പറഞ്ഞു.