കേരളം വിധിയെഴുതി;സംസ്ഥാനത്ത് ആകെ 74.02 ശതമാനം പോളിംഗ് നടന്നു
സംസ്ഥാനത്ത് 74.02 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വടക്കന്‍ ജില്ലകളാണ് പോളിങ്ങില്‍ മുന്നില്‍. 77.9 ശതമാനവുമായി കോഴിക്കോടാണ് ഒന്നാമത്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ്. 68.09 ശതമാനം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്.തിരുവനന്തപുരം 69.77, കൊല്ലം 72.66, ആലപ്പുഴ 74.59, കോട്ടയം 71.70, ഇടുക്കി 70.31, എറണാകുളം 73.80, തൃശൂര്‍ 73.59, പാലക്കാട് 76.11, മലപ്പുറം 74.04, വയനാട് 74.68, കണ്ണൂര്‍ 77.68, കാസര്‍കോട് 74.65 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍.അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാവിലെ നടത്തിയ പ്രസ്താവന, വോട്ടെടുപ്പ് ദിവസത്തില്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരിന് കളമൊരുക്കി.
ഉച്ചയ്ക്ക് ഒരു മണിയോട് കൂടി തന്നെ പോളിങ് 50 ശതമാനം കടന്നിരുന്നു. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് ഉണ്ടായത് മുന്നണികളില്‍ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി സിപിഎം പരാതിപ്പെട്ടു. ഒട്ടേറെപ്പേരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി. പൊലീസ് പ്രവര്‍ത്തകരെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതായി സിപിഎം ആരോപിക്കുന്നു. നേരത്തെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുക വരെയുണ്ടായി.
2016 ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.