മത്സ്യതൊഴിലാളികള്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആള്‍ കേരള മല്‍സ്യതൊഴിലാളി യൂണിയന്‍. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ മല്‍സ്യതൊഴിലാളികള്‍ – അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പടെ – ലോക് ഡൗണ്‍ മൂലം പ്രയാസത്തിലാണ്.സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മത്സ്യതൊഴിലാളികളെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ അവഗണിക്കുന്നത് ആ വിഭാഗത്തോട് കാണിക്കുന്ന നന്ദികേടാണ് എന്നും എഫ് ഐ റ്റി യു പറഞ്ഞു.
കഴിഞ്ഞ പ്രളയകാലത്ത് കേരളത്തെ കൈ പിടിച്ചുയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച തീരദേശ സൈന്യം എന്ന് നാം വിളിച്ചാദരിച്ച മല്‍സ്യതൊഴിലാളികളുടെ ഭവനങ്ങള്‍ ഇന്ന് പട്ടിണിയിലാണ്. ഓരോ മത്സ്യതൊഴിലാളി കുടുംബത്തിനും 10,000 രൂപ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആള്‍ കേരള മത്സ്യതൊഴിലാളി യൂണിയന്‍ ലോക്ക് ഡൗണിന്റെ തുടക്കസമയത്ത് തന്നെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
തെരുവുപട്ടികള്‍ പട്ടിണി കിടക്കരുതെന്ന് പത്രസമ്മേളനത്തില്‍ പറയുകയും സംസ്ഥാനത്തെ വലിയൊരു തൊഴില്‍ മേഖലയിലെ തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന സര്‍ക്കാറിന്റെ നിലപാടില്‍ ആള്‍ കേരള മല്‍സ്യതൊഴിലാളി യൂണിയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് അനുബന്ധ മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പടെയുള്ള മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ ധനസഹായം നല്‍കണമെന്ന് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു.

