2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമിതരായ നോഡല്‍ ഓഫീസര്‍മാരുടെ ആദ്യ അവലോകന യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പിന് ശക്തമായ സുരക്ഷ ഒരുക്കുന്നതിന് സെക്യൂരിറ്റി പ്ലാന്‍, വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അന്തിമ രൂപം നല്‍കണം. തെരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമാക്കുന്നതിന് പഴുതടച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ജനറല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം, പരിശീലനം, സാധനസാമഗ്രികളുടെ വിതരണം, അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, വാഹനങ്ങളുടെ ക്രമീകരണം, സൈബര്‍ സുരക്ഷ, വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍, വോട്ടിംഗ് യന്ത്രങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവ് ക്രമീകരണം, പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പെടെയുള്ള ബാലറ്റ് പേപ്പറുകള്‍, മാധ്യമ നിരീക്ഷണം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ തയാറാക്കല്‍, തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം, പരാതിപരിഹാര സംവിധാനം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ക്ഷേമം, വോട്ടെടുപ്പ്- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, ഭിന്നശേഷി വോട്ടര്‍മാരുടെ കാര്യങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, വടകര മണ്ഡലം വരണാധികാരി കൂടിയായ എ.ഡി.എം കെ അജീഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.