പത്തനംതിട്ട: ആറ് വയസ്സുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ഡബ്ല്യു.സി അംഗം പ്രതി. പത്തനംതിട്ട ജില്ലാ സി.ഡബ്ല്യു.സി അംഗം എസ്. കാര്‍ത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. കാര്‍ത്തികയുടെ ഭര്‍ത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അര്ജുന് ദാസ് ആണ് കേസിലെ ഒന്നാം പ്രതി.
അനധികൃതമായി പാറയും മണ്ണും കടത്തിയത് പൊലീസിനെ അറിയിച്ചെന്ന സംശയത്തിലായിരുന്നു ആക്രമണം. കാര്‍ത്തികയും ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും അടക്കമുള്ളവരാണ് കേസിലെ നാല് പ്രതികള്‍. ഒന്നാം തീയതി രാത്രി ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതികള്‍ കുട്ടിയേയും മാതാവിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ഇവര്‍ക്ക് നേരെ അരിവാള്‍ എറിയുകയും ചെയ്തുവെന്നാണ് പരാതി.
അതേസമയം പരാതി വ്യാജമാണെന്നും പ്രതി ചേര്‍ത്തതിനെതിരെ എസ്.പിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും കാര്‍ത്തിക പറഞ്ഞു.