വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കണം. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്തവര്‍ സ്ഥാനത്ത് തുടരരുത്. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി മരണപ്പെടുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വര്‍ഷങ്ങളായുണ്ട്. മലയോര മേഖലയില്‍ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് ധൈര്യത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നും ബിഷപ്പ് ചോദിച്ചു.
‘പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാല്‍ ആ ഭാഗത്ത് കടല്‍ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. കര്‍ഷകര്‍ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോള്‍ നഗരത്തിലുള്ളവര്‍ക്ക് ആ വിഷമം മനസിലാവില്ല. ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് നടത്തിത്തരണം’- മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

