പുതുച്ചേരി : കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം വീടിന് സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തി. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി മുതിയാൽപേട്ട് ബ്ലോക്കിലാണ് സംഭവം. മുത്യാൽപേട്ട സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ മാർച്ച് രണ്ടിനാണ് കാണാതായത്. മാതാപിതാക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും പെൺകുട്ടിക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തിരുന്നു.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ കണ്ടെത്താൻ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും മുതിയാൽപേട്ട – സോളായി നഗർ പ്രദേശവാസികളും ചൊവ്വാഴ്‌ച (05-03-2024) പ്രതിഷേധം ശക്തമാക്കിയിരുന്നു.അതിനിടെ പെൺകുട്ടിയുടെ വീടിന് സമീപത്തെ ഓടയിൽ ചാക്ക് പൊങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പുറത്തെടുത്തപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം ചാക്കിനുള്ളില്‍ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കദിർക്കാമത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്‌ച പോസ്‌റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറും.കേസിൽ രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. “പ്രതികളെ ചോദ്യം ചെയ്യുകയാണ്, ഇതില്‍ നിന്ന് സംഭവത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും” – ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ പ്രകാശ് കുമാർ പൊലീസ് ഡയറക്‌ടർ ജനറലിന് നിവേദനം നൽകി.മുതിയാൽപേട്ടയിലെ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ മരണത്തിൽ അനുശോചിച്ച് പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിന് ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.