താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.
താന്‍ ഒരു ഇരയല്ല അതിജീവിതയാണെന്ന് നടി വ്യക്തമാക്കി. താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ല, കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടുമാണെന്നും ഭാവന പറഞ്ഞു.
ഭാവന പറഞ്ഞത്
‘നേരിട്ട അതിക്രമം ജീവിതത്തെ മാറ്റിമറിച്ചു. അച്ഛന്‍ ജീവിച്ചിരുന്നു എങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു എന്നുള്‍പ്പെടെ ചിന്തിച്ച സമയമായിരുന്നു അത്. പലപ്പോഴും സ്വയം കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2018 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2020 ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. 15 ദിവസമായിരുന്നു തന്നെ കോടതിയില്‍ വിസ്തരിച്ചത്. അതിന്റെ അവസാന ദിവസം ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ ഒരു ഇരയല്ല, മറിച്ച അതിജീവിതയാണെന്ന്. അങ്ങനെ അതന്നെ ബോധ്യപ്പെടുത്തുകയായിരുന്നു.
2017ല്‍ ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന്. ഈ ആരോപണങ്ങള്‍ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവര്‍ തട്ടിയെടുത്തു. ഇത്തരം പരാമര്‍ശങ്ങളാല്‍ പിന്നെയും എന്നെ വേദനിപ്പിച്ചു.’