പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം.
മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു.
ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയുടെ അനുശോചനം
കേരളത്തിലെ മത-സാമൂഹിക നേതൃരംഗത്ത് സഹിഷ്ണുതയും, സൗഹാർദവും, മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ച മാതൃകാപരമായ നേതൃത്വമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം ലീഗിന്റെ അധ്യക്ഷൻ എന്നതിലുപരി നിരവധി ആത്മീയ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന ഹൈദരലി തങ്ങൾ, കൊടപ്പനക്കൽ തറവാട് ഇന്നോളം കാത്തു സൂക്ഷിച്ചു പോന്ന മതസൗഹാർദ്ദവും, മാനുഷിക നന്മയിലൂന്നിയ സാമൂഹിക സേവനവും ഊട്ടിയുറപ്പിക്കാൻ മുൻപന്തിയിലുണ്ടായ വ്യക്തിത്വമാണ്. തന്റെ സൗമ്യമായ സംഭാഷണങ്ങളിലൂടെ വലിയൊരു രാഷ്ട്രീയ-ആത്മീയ കൂട്ടായ്മക്ക് നേതൃത്വം പകർന്ന തങ്ങൾ തന്റെ ജേഷ്ഠ സഹോദരനായ ശിഹാബ് തങ്ങളെപ്പോലെതന്നെ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഏവർക്കും തണലായി നിന്ന വ്യക്തിത്വമായിരുന്നുവെന്നും വേണുഗോപാൽ അനുസ്മരിച്ചു. അധികാര രാഷ്ട്രീയത്തിനപ്പുറം, ഓരോ മനുഷ്യരെയും ചേർത്തുപിടിക്കുന്ന മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമാണ് ഹൈദരലി തങ്ങൾ ഉയർത്തിപ്പിടിച്ചത്. തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ആത്മീയ രംഗത്ത് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വേണുഗോപാൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു

