ബാറ്റിങ്ങിനിറങ്ങിയ 175 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായ ശേഷം ബൗളിങ്ങിനിറങ്ങി അഞ്ചു വിക്കറ്റ് കൊയ്ത് രവീന്ദ്ര ജഡേജയുടെ വണ്‍മാന്‍ ഷോയിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 174 റണ്‍സില്‍ അവസാനിച്ചു . ജഡ്ഡുവിന്റെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ 400 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ് നേടിയ ശേഷം സന്ദര്‍ശകരെ ഫോണോ ഓണിന് അയച്ചു.
ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. പിന്നീട് മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കയെ മൂന്നാം ദിനമായഇന്ന് ഇന്ത്യ ലഞ്ചിനു മുമ്പേ വെറും 174 റണ്‍സിനു ചുരുട്ടിക്കെട്ടുകയായിരുന്നു. ജഡേജയാണ് 13 ഓവറില്‍ വെറും 41 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി ലങ്കയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും രവിചന്ദ്രന്‍ അശ്വിനും ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി. മുഹമ്മദ് ഷമിക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.
നാലിന് 108 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകരെ ഇന്ന് ജഡേജ ഒറ്റയ്ക്കു തകര്‍ക്കുകയായിരുന്നു. ഇന്നു വീണ ആറു ലങ്കന്‍ വിക്കറ്റുകളില്‍ നാലും ജഡേജ തന്നെ സ്വന്തമാക്കി. ബുംറയും ഷമിയും ഓരോന്നു വീതം പങ്കിട്ടു.
ലങ്കന്‍ നിരയില്‍ 133 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികള്‍ സഹിതം 61 റണ്‍സ് നേടി പുറത്താകാതെ നിന്ന പാഥും നിസാങ്കയ്ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 29 റണ്‍സ് നേടിയ ചരിത് അസലങ്ക, 28 റണ്‍സ് നേടിയ നായകന്‍ ദിമുത് കരുണരത്‌നെ, 22 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ എയഞ്ചലോ മാത്യൂസ്, 17 റണ്‍സ് നേടിയ ലാഹിരു തിരിമന്നെ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ലങ്കന്‍ ബാറ്റര്‍മാര്‍.
ലങ്കയുടെ അവസാന നാലു ബാറ്റ്‌സ്മാന്മാര്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. അഞ്ചിന് 161 എന്ന നിലയില്‍ നിന്ന് വെറും 13 റണ്‍സ് നേടുന്നതിനിടെയാണ് അവരുടെ അവസാന അഞ്ചു വിക്കറ്റുകള്‍ പൊഴിഞ്ഞത്.
കൂറ്റന്‍ ലീഡ് വഴങ്ങിയ ശേഷം ഫോളോ ഓണ്‍ ചെയ്യാനിറങ്ങിയ ലങ്കയ്ക്ക് രണ്ടാമിന്നിങ്‌സിലും രക്ഷയില്ലെന്നാണ് സൂചന. വെറും 10 റണ്‍സ് എടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍ ലാഹിരു തിരിമന്നെയെ(0) നഷ്ടമായിക്കഴിഞ്ഞു. രണ്ടു ദിനവും രണ്ടു സെഷനുകളും ഒമ്പതു വിക്കറ്റും ശേഷിക്കെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ അവര്‍ക്ക് ഇനിയും 390 റണ്‍സ് കൂടി വേണം.