യുക്രൈൻ റഷ്യ യുദ്ധം തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ഇടപെടുന്നു എന്ന ശക്തമായ സൂചനകൾ നൽകി അപ്രതീക്ഷിത റഷ്യൻ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നെറ്റ്. ക്രെംലിനിൽ വച്ച് ബെന്നറ്റ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.
ഇസ്രായേലിന്റെ നീക്കം ഫലം കണ്ടേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. യുക്രൈനിലെ ജൂത സമൂഹങ്ങളുടെ സുരക്ഷയെ കുറിച്ചും ബെന്നറ്റ് പുടിനുമായി സംസാരിച്ചതായും, ഇറാനുമായുള്ള ആണവ ചർച്ചകളുടെ അവസ്ഥയും കൂടിക്കാഴ്ചയിൽ വിഷയമായെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യക്കും യുക്രൈനും ഇടയിൽ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥൻ എന്ന നിലയിലാണ് ബെന്നറ്റിന്റെ യാത്ര എന്നാണ് സന്ദർശനത്തെ ഇസ്രായേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് നഫ്താലി ബെന്നറ്റ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും സംസാരിച്ചിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി തന്നെ വിളിച്ചെന്നും ചർച്ചകൾ തുടരുകയാണെന്നും സെലെൻസ്‌കി ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ നേട്ടമെന്തായിരുന്നു എന്നത് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് യുക്രൈനിയൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രായേൽ ഇടപെടണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായുള്ള ഇസ്രായേലിനുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നാണ് യുക്രൈന്റെ പ്രതീക്ഷ.