ന്യൂഡല്‍ഹി: യു.എസില്‍ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ച സംഭവത്തില്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം. സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. വന്‍ ബഹളമായതോടെ ഉച്ചവരെ ലോക്‌സഭ നടപടികള്‍ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ത്തിവെച്ചു.
വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. നമ്മുടെ ജനങ്ങളോടുള്ള ക്രൂരത തടയുന്നതിനും സ്വദേശത്തും വിദേശത്തും ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും സഭ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.
എന്നാല്‍, വിഷയം വിദേശനയവുമായി ബന്ധപ്പെട്ടതാണെന്ന് സ്പീക്കര്‍ നിലപാടെടുത്തു. വിദേശരാജ്യത്തിന് അവരുടെതായ നിയമവും നിയന്ത്രണങ്ങളുമുണ്ടാകും. ഇതിന്റെ പേരില്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും സഭ പിരിയുകയായിരുന്നു.