കോവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍എന്നിവക്ക് വിലക്ക് തുടരുന്നുണ്ടെങ്കിലും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചു.
ഹാളുകള്‍ക്ക് അകത്ത് വെച്ച് നടക്കുന്ന പരിപാടുകളില്‍ ആകെ സീറ്റുകളുടെ അന്‍പത് ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നും ഔട്ട്‌ഡോര്‍ പരിപാടികളില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ചുള്ള പരമാവധി ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റ പുതിയ ഉത്തരവ്. . തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയുള്ള വിലക്കിന് മാറ്റമില്ല.
ജില്ലാ അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന ഗ്രൗണ്ടുകളില്‍ മാത്രമാണ് പൊതുപരിപാടികള്‍ നടത്താന്‍ അനുമതി. ഗ്രൗണ്ടുകളുടെ പരമാവധി ശേഷിയും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും സംബന്ധിച്ച് ജില്ലാ ഭരണകൂടം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇത് പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബാധ്യസ്ഥരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ശനിയാഴ്ച ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനം. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരില്‍ ചെറിയൊരു ശതമാനം മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.