കൊല്ലം: ആശ്രാമം മൈതാനത്തെ ഒന്നാം വേദിയില്‍ ഒപ്പന മുന്നേറുന്നതിനിടയില്‍ കുട്ടി കുഴഞ്ഞുവീണു. കുട്ടി വീണ് കര്‍ട്ടനിട്ടതോടെ അതേ ടീമിലെ മറ്റ് രണ്ട് പേര് കൂടി വീണു. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്.എസ് സംഘത്തിനാണ് കളിക്കാരി കുളഞ്ഞുവീണതിനെ തുടര്‍ന്ന് കളി പാതിയില്‍നിര്‍ത്തേണ്ടി വന്നത്.
ടീമിലെ എന്‍. ആസ്യയാണ് ആദ്യം സ്റ്റേജില്‍ വീണത്. പിന്നാലെ അന്‍സിയയും വീണു. കൂട്ടത്തില്‍ മറ്റൊരാളും. ഇവര്‍ക്കെല്ലാം വേദിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്കിയപ്പോഴേക്കും സ്ഥിതി സാധാരണ നിലയിലെത്തി.
ഈ സംഘം വീഴുന്നതിന് മുമ്പ് 45 പേരാണ് വിവിധ ഒപ്പന ടീമുകളില്‍ നിന്നായി കുഴഞ്ഞു വീണും അസ്വസ്ഥത പ്രകടിപ്പിച്ചും മെഡിക്കല്‍ സഹായം തേടിയത്. അവരെല്ലാം ഒപ്പന പൂര്‍ത്തിയായ ശേഷം വീണു എന്നത് മാത്രം വ്യത്യാസം.
ഒപ്പന ആടയാഭരണത്തില് ഉള്‍പ്പെട്ട അരപ്പെട്ടയാണ് കുട്ടികള്‍ക്ക് കൂടുതല്‍ പ്രശ്നമാക്കിയതെന്നാണ് ഡി.എം.ഒ ഡോ. വസന്തദാസ് പറഞ്ഞു. ഇറുകി കെട്ടിയ അരപ്പട്ടയുമായി ആടിക്കളിച്ച കുട്ടികള്‍ ശ്വാസംകിട്ടാതെ കുഴയുകയായിരുന്നു. മെഡിക്കല്‍ സംഘം അരപ്പട്ട മുറിച്ചെടുത്താണ് കുട്ടികള്‍ക്ക് ഉടന്‍ ആശ്വാസം നല്‍കിയത്.

