കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ നാടകം തികച്ചും അമ്പരപ്പിച്ചു. മലപ്പുറം അരിയല്ലൂര്‍ എം.വി എച്ച്.എസ്.എസ് അവതരിപ്പിച്ചത് ‘കരിന്തണ്ടന്’ നാടകമാണ്. ബ്രിട്ടീഷുകാര്‍ക്ക് വയനാട്ടിലേക്കുള്ള വഴികാണിച്ച കരിന്തണ്ടനെ ചതിച്ച് കൊലപ്പെടുത്തിയ ചരിത്രമാണ് മലപ്പുറം അരിയല്ലൂര്‍ എം.വി എച്ച്.എസ്.എസ് അവതരിപ്പിച്ചത്. ഹരിലാല്‍ ബത്തേരിയും നിരഞ്ജന് പരപ്പനങ്ങാടിയും ചേര്‍ന്നാണ് നാടകത്തിന് സംവിധാനം നിര്‍വഹിച്ചത്. നിരഞ്ജന് ആനന്ദ്, യു.വി. അനുഷേക്, അലിന്‍ഷ ഷാജി, ദേവിക, ഗായത്രി, ശിഖ, ശ്രീലക്ഷ്മി, മോനിഷ, ആര്യനന്ദ, ഹര്‍ഷ എന്നിവരായിരുന്നു അഭിനേതാക്കള്‍.
കാടിനുള്ളിലെ നിധി കാണുമ്പോള്‍ കണ്ണ് മഞ്ഞളിക്കരുത്, വള്ളിയൂര്‍ കാവിലെ അടിമലേലം അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള കരിന്തണ്ടന്റെ നിബന്ധനകള്‍ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചതോടെയാണ് കാട്ടിലൂടെയുള്ള വഴികാണിക്കാന്‍ അദ്ദേഹം അവര്‍ക്കൊപ്പം പുറപ്പെടുന്നത്. മലകളും പുഴകളും അരുവികളും തണ്ടുന്നതും കാട്ടുവള്ളികളില്‍ നിന്നും പാമ്പുകളില്‍ നിന്നുമെല്ലാം രക്ഷനേടുന്നതുമെല്ലം ആളുകളെ അമ്പരപ്പിക്കും വിധമാണ് വേദിയില്‍ അവതരിപ്പിച്ചത്.
അവസാനം കരിന്തണ്ടനെ വെടിവെച്ച് കൊല്ലുന്നതും പിന്നീട് നാടുവാഴി കരിന്തണ്ടന്റെ കുല ദൈവങ്ങളെ എടുത്തുമാറ്റി സവര്‍ണ ദൈവത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. മേല്‍ ജാതിക്കാരന് കരിന്തണ്ടന്റെ അടിയാത്തിയെ മോശമായി സമീപിക്കുന്നതോടെ അവള് കീഴാളരുടെ പോരാട്ട വീര്യം വീണ്ടെടുത്ത് നാടുവാഴിയെ അരിഞ്ഞു വീഴ്ത്തുന്നതോടെയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.

