നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍. കോട്ടയത്തെ സ്വകാര്യ സ്കൂളിന്റെ വാർഷികത്തിനാണ് ഇരുവരും വേദി പങ്കിട്ടത്. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു.ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.മന്ത്രി വി എന്‍ വാസവന്റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മന്ത്രി പരിപാടി നടക്കുന്ന സ്‌കൂളിലെത്തി. നടനെ ആലിംഗനം ചെയ്താണു മന്ത്രി സ്കൂളിലേക്ക് സ്വീകരിച്ചത്. ഇന്ദ്രന്‍സ് ഇനിയും ഉന്നതങ്ങളിലേക്ക് വളരാന്‍ താന്‍ ആശംസിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.മന്ത്രി തന്നെയാണ് ഉദ്ഘാടന വേളയില്‍ പ്രാര്‍ത്ഥനയോടെ കൈകൂപ്പി നിന്ന ഇന്ദ്രന്‍സിന് വിളക്ക് കൈമാറിയത്. തന്റെ നാട്ടിലെ സ്‌കൂളിലേക്ക് ക്ഷണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. തങ്ങള്‍ കുറച്ച് മുന്‍പേ ജനിച്ചവരായത് കൊണ്ട് പുതു തലമുറ സൂക്ഷിക്കുന്നത് പോലെ വാക്കുകള്‍ ചിലപ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു