വയനാട് സുല്‍ത്താന്‍ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നുയാളെയാണ് ആന ആക്രമിച്ചത്. വീണുപോയ യാത്രക്കാരനെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആന കൂടുതല്‍ ആക്രമണത്തിന് മുതിർന്നില്ല. സുബൈര്‍ കുട്ടി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പ്രശ്നക്കാരനായ ഐ.ഡി കോളര്‍ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകര്‍ത്തിരുന്നു. അതേസമയം കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുൽത്താൻബത്തേരി നഗരസഭയിലെ പത്ത് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെയാണ് ആന അക്രമാസക്തമായത്.