സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്തി, തുടക്കം മുതല്‍ക്കെ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ഇപ്പോള്‍ പറയുന്നത് അപഹാസ്യമാണെന്ന് വി ഡി സതീശൻ പറഞ്ഞു. പൗര പ്രമുഖരുമായി ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. നിയമസഭയില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യില്ല, പൗര പ്രമുഖരുമായി മാത്രമെ ചര്‍ച്ച നടത്തു എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു .
ആരില്‍ നിന്നും എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഡി.പി.ആര്‍ രഹസ്യരേഖയാക്കിയത് എന്തിനു വേണ്ടിയായിരുന്നു? പാരിസ്ഥിതിക, സമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെ ഭൂമി ഏറ്റെടുക്കാന്‍ കാട്ടുന്ന ഈ ധൃതിക്ക് പിന്നില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ട്. പ്രളയവും ഉരുള്‍പൊട്ടലും പേമാരിയും തുടര്‍ച്ചയായി കേരളത്തെ തകര്‍ത്തെറിഞ്ഞത് മുഖ്യമന്ത്രി മറന്നു പോയോ? കേരളത്തിന്റെ ഭൂഘടനയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യാതെ പൊതുജനങ്ങള്‍ക്കു മേല്‍ കോടികളുടെ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന പദ്ധതി ആര്‍ക്കുവേണ്ടിയാണ് എന്നും വി ഡി സതീശൻ ചോദിച്ചു