യു.ജി.സി പെൻഷൻ പരിഷ്‌കരണം: പരാതി അറിയിക്കാം
സർക്കർ/എയ്ഡഡ് കോളേജുകളിൽ നിന്ന് യു.ജി.സി ശമ്പളസ്‌കെയിലിൽ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിച്ച് സർക്കാർ പുറപ്പെടുവിച്ച സ.ഉ(അ) നം.151/2020/ധന തിയതി 05.11.2020, സ.ഉ(അ) നം.159/2020/ധന തിയതി 19.11.2020 എന്നീ ഉത്തരവുകൾ സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ സർക്കാർ നിയോഗിച്ച അനോമലി പരിഹാര കമ്മിറ്റി മുമ്പാകെ സമർപ്പിക്കാം. പരാതികൾ rajasreeus@gmail.com ലേക്ക് 15നകം അയയ്ക്കണം.
പി.എൻ.എക്സ്. 98/2021
സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നഴ്‌സുമാർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ, പീഡിയാട്രിക്), എമർജൻസി, ജനറൽ (ബി.എസ്‌സി), സി.ഐ.സി.യു, എൻ.ഐ.സി.യു, പി.ഐ.സി.യു, ഹോം ഹെൽത്ത് കെയർ, ഐ.സി.സി.യു (കൊറോണറി), മെറ്റെർനിറ്റി/ മിഡ് വൈവ്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന ജനുവരി 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
പി.എൻ.എക്സ്. 99/2021
മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ, നാല് ജില്ലകളിൽ വായ്പാ ക്യാമ്പ്
പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും നൽകുന്നു. ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14 ന് തലശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിലും ജനുവരി 20ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ആഡിറ്റോറിയത്തിലും 27ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്‌സിന്റെ www.norkaroots.org വെബ്‌സൈറ്റിൽ NDPREM ഫീൽഡിൽ പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുൻകൂർ രജിസ്റ്റർ ചെയ്യണം. തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും, പകർപ്പും, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാൻ വരുന്ന ദിവസം കൊണ്ടുവരണം. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.
കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), കോഴിക്കോട്- 0495-2304882/2304885 മലപ്പുറം- 0483 27 329 22, കണ്ണൂർ – 0497 2765310 കാസർകോഡ് – 0499 4257827 എന്നീ നമ്പറുകളിലും ലഭിക്കും.
പി.എൻ.എക്സ്. 100/2021
ദോഹയിൽ അധ്യാപക അനധ്യാപക ഒഴിവ്
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്‌സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . അവസാന തീയതി 2021 ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.
പി.എൻ.എക്സ്. 101/2021
ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും. അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ പാടില്ല. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദം നേടിയിരിക്കണം. വ്യവസായ മേഖല/ഗവേഷണവും വികസനവും എന്നിവയിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയമുണ്ടാകണം. ഊർജ്ജ മേഖലയ്‌ക്കൊപ്പം വൈദ്യുത സംബന്ധമായ നിയമങ്ങൾ കൈകാര്യം ചെയ്തിരിക്കണം. വൈദ്യുത നിരക്കുകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രവൃത്തി പരിചയവും അത് സംബന്ധിച്ച നിയമങ്ങളിൽ പ്രാവീണ്യവും നേടിയിരിക്കണം. അപേക്ഷകർ ഏതെങ്കിലും വൈദ്യുത ലൈസൻസി/സപ്ലൈയറുടെ ഉദ്യോഗസ്ഥനാകരുത്. അപ്പലേറ്റ് അതോറിറ്റിയുടെ വേതനം സംസ്ഥാന സർവീസിലെ ചീഫ് എൻജിനിയറുടെ ശമ്പളത്തിന് സമാനമായിരിക്കും. ഡെപ്യൂട്ടേഷനിലൂടെയാണ് നിയമനമെങ്കിൽ ചട്ട പ്രകാരമുള്ള അലവൻസുകൾക്ക് അർഹതയുണ്ടായിരിക്കും. മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് അഭികാമ്യ യോഗ്യതയായി പരിഗണിക്കും.
വിശദ വിവരങ്ങൾ അടങ്ങുന്ന നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ ഗവ:സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ കൈപ്പറ്റ് രസീത് സഹിതം രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം.
അപേക്ഷ ജനുവരി 29 വൈകുന്നേരം അഞ്ചുവരെ നൽകാം. കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉചിത മാർഗ്ഗേണ അപേക്ഷകൾ നൽകണം. അപേക്ഷകൾ സംബന്ധിച്ച അന്വേഷണങ്ങൾ പരിഗണിക്കില്ല. സെർച്ച് കമ്മിറ്റി ശിപാർശ ചെയ്തു സമർപ്പിക്കുന്ന പാനൽ/സെലക്ട് ലിസ്റ്റിൽ നിന്ന് ഗവൺമെന്റ് നിയമാനുസൃതമായി നിയമനം നടത്തും. വിജ്ഞാപനവും മറ്റ് വിവരങ്ങളും www.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 102/2021
ആംഗ്യഭാഷ പരിഭാഷ അധ്യാപകർ താൽക്കാലിക നിയമനം
കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എട്ടിന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.
പി.എൻ.എക്സ്. 103/2021

