വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാറും കുട്ടികളുടെ മാതാവും പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു നാല് പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
വാളയാറില്‍ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികള്‍.

