ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ ചേര്‍ന്ന് തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നത്. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. 2016 ഫെബ്രുവരി 20-ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. അഞ്ച് വര്‍ഷം കൊണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐ.ടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും സര്‍ക്കാര്‍ അവിടെ എന്താണ് ചെയ്തത്? അവിടെ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അന്വേഷിച്ചോ? എട്ടു വര്‍ഷത്തിനു ശേഷം ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ ദുരൂഹതകളുണ്ട്. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുള്ള ഗൂഡ നീക്കമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് പദ്ധതി വഴിയില്‍ ഉപേക്ഷിച്ച് പോകുന്നത്? ആരാണ് പെര്‍ഫോം ചെയ്യാത്തത്? പെര്‍ഫോം ചെയ്യാത്തത് ടീം കോം ആണെങ്കില്‍ എന്തിനാണ് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. മന്ത്രിസഭാ യോഗം ചേര്‍ന്ന് പദ്ധതിയില്‍ നിന്നും പിന്‍മാറാനും ടീകോമിന് നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ബഹിഷ്‌ക്കരിച്ചവരാണ് എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നത്. ഇതിന് പിന്നില്‍ ഗൂഡനീക്കങ്ങളും അഴിമതിയുമുണ്ട്.
2011-ല്‍ എഗ്രിമെന്റ് വച്ചത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തല്ലേ? എഗ്രിമെന്റ് വച്ചവര്‍ തന്നെയാണ് 13 വര്‍ഷം കഴിഞ്ഞപ്പോള്‍ ടീകോം ഒന്നും ചെയ്തില്ലെന്നു പറയുന്നത്. എട്ട് വര്‍ഷമായി ഇതേക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ലല്ലോ? കമ്പനിയില്‍ 16 ശതമാനമാണ് സര്‍ക്കാരിന്റെ ഓഹരി. എന്ത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ ഒരു പദ്ധതി അവസാനിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അവസാനിപ്പിക്കുകയാണെന്ന് കത്ത് നല്‍കിയ കമ്പനിക്ക് എന്തിനാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. മന്ത്രിസഭാ യോഗത്തില്‍ പദ്ധതി അവസാനിപ്പിക്കാനും കമ്പനിക്ക് നഷ്ടപരിഹരം നല്‍കി ഭൂമി ഇഷ്ടക്കാര്‍ക്ക് നല്‍കാനുമുള്ള തീരുമാനം കേരളത്തില്‍ നടക്കില്ല.
നഴിസിങ് പ്രവേശനത്തില്‍ വലിയ കള്ളക്കച്ചവടമാണ് നടന്നത്. സര്‍ക്കാരിന് മെറിറ്റില്‍ കിട്ടേണ്ട 37 സീറ്റുകളിലാണ് മാനേജ്മെന്റ് പ്രവേശനം നടത്തിയത്. പ്രവേശനം അട്ടിമറിച്ച രണ്ടു മാനേജ്മെന്റുകളുമായും സി.പി.എമ്മിന് ബന്ധമുണ്ട്. വാളകം മെഴ്സി നഴ്സിങ് കോളജിലും വടശേരിക്കര ശ്രീ അയ്യപ്പ കോളജിലുമാണ് സര്‍ക്കാരിന് കിട്ടേണ്ട സീറ്റുകളില്‍ മാനേജ്മെന്റ് പ്രവേശനം നടത്തിയത്. നഴ്സിങ് പ്രവേശനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. രണ്ട് കോളജ് മാനേജ്മെന്റുകളും ആരെ സ്വാധീനിച്ചാണ് മെറിറ്റ് അട്ടിമറിച്ചത്. ഇതിനു പകരമായി ഈ മാനേജ്മെന്റുകള്‍ സി.പി.എമ്മിന് എന്താണ് ചെയ്തുകൊടുത്തത്.
ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട് സി.പി.എം സര്‍വീസ് സംഘടനകളില്‍പ്പെട്ട ഉദ്യോഗസ്ഥരെ മാത്രമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഡീലിമിറ്റേഷന്‍ നടപടികള്‍ അട്ടിമറിക്കുന്നതിനു വേണ്ടിയാണോ ഇതെന്ന് സംശയമുണ്ട്. അത്തരത്തില്‍ എന്തെങ്കിലും നടന്നാല്‍ യു.ഡി.എഫ് നിയമ നടപടികള്‍ സ്വീകരിക്കും.
വയനാട് പുനരധിവാസത്തില്‍ കേന്ദ്ര അവഗണനയുണ്ടെന്ന് ആദ്യമായി സംസാരിച്ചത് കേരളത്തിലെ പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഇന്നലെ പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ കണ്ടതും യു.ഡി.എഫാണ്. അല്ലാതെ കേന്ദ്ര അവഗണയ്ക്കെതിരെ സി.പി.എമ്മും എല്‍.ഡി.എഫും എന്ത് സമരമാണ് നടത്തിയത്? വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയത്? സമരം ചെയത യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചു. വീടുകള്‍ നിര്‍മ്മിക്കാമെന്ന് കോണ്‍ഗ്രസും മുസ്ലീംലീഗും കര്‍ണാടക സര്‍ക്കാരും യൂത്ത് കോണ്‍ഗ്രസും അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം നല്‍കിയില്ല. സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കാമെന്നു പറഞ്ഞപ്പോള്‍ സ്ഥലം സര്‍ക്കാര്‍ നല്‍കുമെന്നാണ് പറഞ്ഞത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെങ്കിലും ചര്‍ച്ച നടത്തിയോ? പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ചീത്തയായ ഭക്ഷണ സാധനങ്ങള്‍ നല്‍കി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമരം ചെയ്യുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെയും സമരം ചെയ്യേണ്ടി വരും. പുനരധിവാസത്തില്‍ ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷം അവസാനഘട്ടം വരെ സര്‍ക്കാരിനൊപ്പമാണ് നിന്നത്. എന്നാല്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വാചകമടി അല്ലാതെ ഒന്നും നടക്കുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുമായി വന്നാലും കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല.
പി.ആര്‍ ഏജന്‍സി ഇല്ലെങ്കില്‍, മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറയാത്ത കാര്യം ആരാണ് ഹിന്ദു ദിനപത്രത്തിന് എഴുതി നല്‍കിയത്? അഭിമുഖം ബുക്ക് ചെയ്തത് പി.ആര്‍ ഏജന്‍സിയാണെന്നും അത് നടത്തുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ രണ്ടു പേര്‍ മുഖ്യമന്ത്രിയുടെ അരികില്‍ ഉണ്ടായിരുന്നുവെന്നാണ് ഹിന്ദു ദിനപത്രം വെളിപ്പെടുത്തിയത്.പറയാത്ത കാര്യം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ കേസ് നല്‍കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? എഴുതി നല്‍കിയ ആളോട് പട്ടില്‍ പൊതിഞ്ഞ ശകാരം പോലും മുഖ്യമന്ത്രി നടത്തിയിട്ടില്ല. ഓരേ കമ്പ്യൂട്ടറില്‍ തയാറാക്കിയ കാര്യങ്ങളാണ് പി.ആര്‍ ഏജന്‍സി മാധ്യമങ്ങള്‍ക്ക് നല്‍കിയതും പിന്നീട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘ്പരിവാര്‍ അജണ്ടയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പറഞ്ഞത്. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനായിരുന്നു ഇത് എന്നും അദ്ദേഹം പറഞ്ഞു.