കോഴിക്കോട്: എലത്തൂര്‍ എച്ച്പിസിഎല്ലില്‍ ഇന്ധന ചോര്‍ച്ച തുടരുന്നു. ചോര്‍ച്ച തടഞ്ഞെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ചോര്‍ച്ച. പ്ലാന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.
അതേസമയം ഡീസല്‍ ചോര്‍ന്നതില്‍ വിവിധ വകുപ്പുകള്‍ ഇന്ന് പരിശോധന നടത്തും. മോണിറ്ററിംഗ് സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടായോ എന്ന് പരിശോധിക്കും. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
ഇന്നലെ വൈകിട്ടാണ് കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയില്‍ നിന്ന് ഡീസല്‍ പുറത്തുള്ള ഓവുചാലിലേക്ക് ഒഴുകിയെത്തിയത്. വലിയ രീതിയില്‍ ഇന്ധനം ഒഴുകിയെത്തിയതോടെ നാട്ടുകാരും പ്രതിഷേധവുമായെത്തി. പുറത്തെ ഓടയില്‍ നിന്നും വീപ്പകളിലേക്ക് ഡീസല്‍ മാറ്റി. ഓവര്‍ ഫ്‌ലോ ആയതാണ് ഇന്ധനം പുറത്തേക്കൊഴുകാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണം.