മുംബൈ ടെസ്റ്റ് മാച്ചിൽ ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡിന് 540 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാം ഇന്നിങ്സിലും ബാറ്റിങ് മികവ് തുടര്‍ന്ന മായങ്ക് 108 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റൺസെടുത്ത് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറററായി . പൂജാര 97 പന്തുകള്‍ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്തു.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാള്‍ – ചേതേശ്വര്‍ പൂജായ ഓപ്പണിങ് സഖ്യം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ശുഭ്മാന്‍ ഗില്‍ 75 പന്തുകള്‍ നേരിട്ട് 47 റണ്‍സെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഗില്‍ മടങ്ങിയത്. കോലി 84 പന്തുകള്‍ നേരിട്ട് 36 റണ്‍സെടുത്തു.
രണ്ടാം ഇന്നിങ്‌സിലും തിളങ്ങിയ അക്ഷര്‍ പട്ടേല്‍ 26 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു .
ശ്രേയസ് അയ്യര്‍ (14), വൃദ്ധിമാന്‍ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ താരങ്ങള്‍. ജയന്തിന്റെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
കിവീസിനായി അജാസ് പട്ടേല്‍ നാലും രചിന്‍ രവീന്ദ്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സെടുത്ത ഇന്ത്യ കിവീസിനെ വെറും 62 റണ്‍സിന് എറിഞ്ഞൊതുക്കി 263 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.