വനിതാ ടെസ്റ്റ് അഞ്ച് ദിവസത്തെക്കാകാൻ അംഗീകാരം നൽകി ബിസിസിഐ ആനുവൽ ജെനറൽ മീറ്റിംഗ്. നേരത്തെ ഇന്ത്യൻ വനിതാ ടീം 4 ദിവസത്തെ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് മത്സരിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൂടുതലും സമനിലകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഒരു ദിവസത്തേക്ക് കൂടി ടെസ്റ്റ് നീട്ടുന്നതോടെ റിസൽട്ട് ഉണ്ടായേക്കുമെന്നാണ് കണക്ക് കൂട്ടൽ . വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷാരംഭത്തിലാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ ഇരു ടെസ്റ്റിലും സമനില പിടിച്ചു.
അതേസമയം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 മത്സരങ്ങൾ മാറ്റിവെച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ അറിയിച്ചു . . . ടെസ്റ്റ്, ഏകദിന മത്സരങ്ങൾ നടക്കും. ടി-20 മൽസരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡിൻറെ ‘ഒമിക്രോൺ’ വകഭേദത്തിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം.
മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബർ 17 മുതൽ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബർ എട്ടിനോ ഒൻപതിനോ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്.
മൂന്ന് ചതുർദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. എന്നാൽ ഒമിക്രോൺ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയുടെ നെതർലൻഡ്‌സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നീട്ടിവച്ചിട്ടുണ്ട്.